Tuesday, February 9, 2016

ഗ്രേറ്റ്‌ ബാരിയര്‍ റീഫ്

ബഹിരാകാശത്തില്‍ നിന്നും ഭൂമിയിലേക്ക് നോക്കിയാല്‍ കാണുന്ന ഒരേയൊരു ‘ജൈവഘടനയുടെ മാസ്മരിക സൌന്ദര്യം.

ജീവജാലങ്ങള്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഒരു ലോകാത്ഭുതമാണ് ആസ്ത്രേലിയയിലെ
ഗ്രേറ്റ് ബാരിയര്‍ പവിഴപുറ്റുകള്‍. ഏറ്റവും വലിയ പവിഴപുറ്റ് തിട്ടുകളുടെ ഈ ശൃംഖല ഓസ്ടേലിയയുടെ വടക്ക് കിഴക്ക് തീരത്ത് കോറല്‍ സീയില്‍ ക്വീന്‍സ്ലാണ്ടിന്‍റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ഓമി സക്രെമേന്റോ എന്ന അമേരിക്കന്‍ ബള്‍ക്ക്കാരിയര്‍ ഷിപ്പ് സിംഗപ്പൂരില്‍ വെച്ച് അമേരിക്കന്‍ ക്രൂവില്‍ നിന്നും ടേക്ക് ഓവര്‍ ചെയ്ത്  ടര്‍ക്കിഷ് ഓണറിനു വേണ്ടി ‘ഹിദിര്‍ സെലെക്’ എന്ന് തുര്‍ക്കി നാമകരണം ചെയ്ത് എന്‍റെ ആദ്യ ഓസ്ട്രേലിയന്‍ യാത്ര ആരംഭിച്ചു. ആ യാത്രയിലാണ് സി എന്‍ എന്‍ ന്‍റെ പട്ടികയിലുള്ള ഏഴ് ലോകാത്ഭുതങ്ങളില്‍ ഒന്നായ ഗ്രേറ്റ് ബാരിയര്‍ റീഫ് ആദ്യമായി കാണുന്നതും, അതിലൂടെ നാവിഗേറ്റ് ചെയ്യുന്നതും.

എന്നും പത്രമെടുത്താല്‍ ചുറ്റുപാടുമുള്ള മാലിന്യകൂമ്പാരങ്ങളെക്കുറിച്ചും മലീസമായ മനുഷ്യമനസ്സുകളെക്കുറിച്ചും വായിച്ചു മനം മടുക്കുമ്പോള്‍ ഒരു മാറ്റക്കഴ്ചക്കുള്ള അഭൌമ സൌന്ദര്യത്തിനു വേണ്ടി നിങ്ങളുടെ കണ്ണുകള്‍ ഇര തേടാറുണ്ടോ? പ്രകാശ വര്‍ഷങ്ങള്‍ക്കപ്പുറത്തുള്ള നക്ഷത്രങ്ങളിലോ, ഗാലക്സികളിലോ, അന്ദ്രോമെദയുടെ അറ്റം കാണാത്ത ദീപവര്‍ണ്ണങ്ങളിലോ  അത് ചെന്നെത്തേണ്ടതില്ല.  വിണ്ണിന്‍റെ ദൂരങ്ങള്‍ താണ്ടിപ്പോവുന്നതിനു മുന്‍പ്  കാഴ്ചയുടെ മഹാകാവ്യവും ചരിത്രവും ഇതാ ഇവിടെത്തന്നെ കോറല്‍ സീയില്‍ നമ്മുടെയടുത്തു തന്നെ കിടപ്പുള്ളത് ഒന്ന് അറിഞ്ഞു വരാം.

ഗ്രേറ്റ് ബാരിയർ റീഫ്: ഈ റീഫ് സമൂഹത്തില്‍ രണ്ടായിരത്തി തൊള്ളായിരം  പവിഴപുറ്റുകളും, തൊള്ളായിരം ദ്വീപുകളുമുണ്ട്. മൂന്നു ലക്ഷത്തി നാല്പത്തി നാലായിരത്തി നാനൂര്‍ സ്ക്വയര്‍ കിലോമീറ്ററില്‍ ഇത് വ്യാപിച്ചുകിടക്കുന്നു.
ഈയൊരു വലുപ്പം കൊണ്ട് തന്നെയാണ് ബഹിരാകാശത്ത് നിന്ന് നോക്കിയാല്‍ നമുക്കിത് ദൃശ്യമാവുന്നത്. കടൽ അനിമോണുകളുടേയും ജെല്ലിമത്സ്യങ്ങളുടേയും വർഗ്ഗത്തിൽപ്പെടുന്ന പുഷ്പ സദൃശമായ സമുദ്രജീവിയാണ് പവിഴപോളിപ്പുകൾ (Coral Polyps). ഹൃദയം, തലച്ചോറ്, കണ്ണ് എന്നിവ ഒന്നുമില്ലാത്ത ഇവ ചുറ്റുമുള്ള കടൽവെള്ളത്തിലെ കാത്സ്യം ലവണം, അവശോഷണം ചെയ്ത് കട്ടികൂടിയ കാത്സ്യമാക്കി മാറ്റും. ആ പുറ്റാണവയുടെ അസ്ഥിപഞ്ജരം. നിർജീവമായ പുറ്റുകളിൽ പുതിയ ലാർവകൾ സ്ഥാനമുറപ്പിച്ച് വീണ്ടും പുറ്റുണ്ടാക്കുന്നു. തുടർന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണിത്. അസംഖ്യം സൂക്ഷമജീവികൾ ഈ പുറ്റുകളിൽ ജീവിക്കുന്നു. അതിസൂക്ഷ്മ ആൽഗകൾ, മീനുകൾ തുടങ്ങിയവയെല്ലാം ഇതിലുൾപ്പെടുന്നു. ആൽഗകളിൽ നിന്നാണ് പവിഴപോളിപ്പുകൾ പോഷകാഹാരം സ്വീകരിക്കുന്നത്. മീനുകളുടെ വിസർജ്യവും പോളിപ്പുകൾക്ക് ആഹാരമാവുന്നു. വമ്പൻ കോളനികളായാണ് പവിഴപ്പോളിപ്പുകൾ വളരുന്നത്. മൂന്നു തരമുണ്ട് ഇവ. തീരപ്പുറ്റ് (frigging reef),പവിഴരോധിക (Barrier Reef), പവിഴദ്വീപവലയം (Atol). കരയിൽ നിന്നും അകലെയായി ഉണ്ടാകുന്നതാണ് ബാരിയർ റീഫ്. ഇതിനും കരയ്ക്കുമിടയിൽ ആഴമേറിയ ജലപ്പരപ്പുണ്ടാകും. നടുക്കടലിൽ ഉണ്ടാകുന്ന ആറ്റോളുകൾക്കു മധ്യത്തിൽ നീലിമയാർന്ന ജലാശയം ഉണ്ടായിരിക്കും.

ഈ ഒരു കാഴ്ചയാണ് വര്‍ഷത്തില്‍ ഇരുപതു ലക്ഷത്തോളം ടൂറിസ്റ്റുകളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്. ടൂറിസത്തിന്‍റെ പേരില്‍ ഏഴു ബില്ലിയന്‍ ഡോളര്‍ വര്‍ഷത്തില്‍ ആസ്ത്രേലിയക്ക് ലഭിക്കുന്നതോടൊപ്പം  അറുപത്തിനാലായിരം പേര്‍ക്ക് ഇതോടു ബന്ധപ്പെട്ടു ജോലിയും ലഭിക്കുന്നു.

ഇന്ന് നാം കാണുന്ന ജീവനുള്ള സജീവമായ റീഫുകള്‍ക്ക് എട്ടായിരം വര്‍ഷത്തെ പ്രായമുണ്ട്. സജീവമല്ലാത്ത മറ്റു റീഫുകള്‍ക്ക് ഇരുപതിനായിരം വര്‍ഷം മുന്‍പ് കടല്‍ വിതാനം ഉയരാന്‍ തുടങ്ങിയത് മുതലുള്ള ചരിത്രമാണ് പറയാനുള്ളത്.
നാല്‍പതിനായിരം വര്‍ഷത്തോളമായി ഈ മേഖലയില്‍ ജീവിച്ചു വരികയും, പവിഴപുറ്റുകളുടെ ജനനം മുതല്‍  റീഫ് ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന ആസ്ത്രേലിയന്‍ ആദിമനിവാസികള്‍ക്കാണ് ഇതിനെക്കുറിച്ചുള്ള ആധികാരികമായ അറിവുള്ളത്. പതിനായിരം വര്‍ഷത്തോളമായി ടോറസ്റ്റ്രയിട്ട് ദ്വീപ്‌ നിവാസികളും റീഫിനെ ഉപയുക്തമാക്കുന്നവരുടെ കൂട്ടത്തില്‍പ്പെടുന്നു.

1522 ല്‍ പോര്‍ച്ചുഗീസ് നാവികത്തലവന്‍   Cristovao de Mendonca ആസ്ത്രേലിയയുടെ കിഴക്കന്‍ തീരത്ത് ആദ്യമായി എത്തിച്ചേര്‍ന്നുവെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. 1606 നു ശേഷം Later Luis de Torres, ടോറെസ് ദ്വീപ്‌ കണ്ടെത്തി.  1768ല്‍ Louis de Bougainville  എന്ന ഫ്രഞ്ച് നാവികന്‍ ആദ്യമായി ഗ്രേറ്റ് ബാരിയര്‍ റീഫ് കണ്ടെത്തുകയും  Cooktown ന്നു അടുത്തുവെച്ചു ശക്തമായ കടല്‍ക്ഷോഭത്തെ നേരിട്ട് യാത്ര വടക്കോട്ടേക്ക് തിരിച്ചു ഏഷ്യയിലേക്ക് പോയി.

1770ല്‍ ജെയിംസ് കുക്ക് ‘ഏന്‍ഡവര്‍’ എന്ന കപ്പലില്‍ ഗ്രേറ്റ്ബാരിയര്‍ രീഫിലൂടെ നാവിഗേറ്റ് ചെയ്തു. യാത്രയുടെ തുടര്‍ച്ചയില്‍ അവരുടെ കപ്പല്‍ കോറല്‍ റീഫില്‍ തട്ടി പ്രയാണത്തിനു വിഘാതം നേരിട്ടപ്പോള്‍ ആറാഴ്ചത്തോളം സമയം കപ്പല്‍ റിപ്പയറിനു വേണ്ടി അവിടെ ചിലവഴിച്ചു.  ജെയിംസ് കുക്കിന്‍റെ കൂടെയുള്ള ബോട്ടണിസ്റ്റ് ജോസെഫ് ബാങ്ക്സും ഡാനിയേല്‍ സോലന്ടറും റീഫില്‍ ഈ സമയം കൂടുതല്‍ ശാസ്ത്രീയ നിരീക്ഷണങ്ങള്‍ നടത്തി. ഈ നിരീക്ഷണങ്ങളുടെ വിശദ വിവരങ്ങളിലൂടെയാണ്  ഗ്രേറ്റ് ബാരിയര്‍ റീഫ് പുറം ലോകത്തിന് കൂടുതല്‍ പരിചിതമാവുന്നത്.  കപ്പല്‍ റിപ്പയര്‍ ചെയ്തതിനു ശേഷം അവര്‍ക്ക് തുറന്ന കടലിലേക്കുള്ള നാവിഗേഷന്‍ വഴി അറിയാതെ പോയപ്പോള്‍ ലിസര്‍ട് ദ്വീപിലേക്ക് കപ്പല്‍ തിരിച്ചു വിടുകയും ആ ദ്വീപിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തു നിന്ന് കണ്ടു മനസ്സിലാക്കിയ ഒരു പാസ്സെജിലൂടെ ആഴക്കടലിലെത്തുകയും ചെയ്തു, ഈ പാസ്സേജ് പിന്നീട് ‘’കുക്ക്പാസ്സേജ്’’ എന്നറിയപ്പെട്ടു.

1 comment: